അലാസ്‌കയ്ക്ക് സമീപം കടലിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വാഷിങ്ടൻ: സുനാമി മുന്നറിയിപ്പ്. യുഎസിലെ അലാസ്‌കയ്ക്ക് സമീപം കടലിൽ ഉണ്ടായ ഭൂചലനത്തെത്തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ഉത്ഭവം ഉപരിതലത്തിൽ നിന്ന് 9.3 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ ട്വീറ്റ് ചെയ്തു.

ഭൂചലനത്തിന്റെ പ്രകമ്പനം അലാസ്‌കൻ ഉപദ്വീപിലാകെ രേഖപ്പെടുത്തി. ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല. ശാന്തസമുദ്രത്തിലെ സജീവ അഗ്നിപർവത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്‌ക. 1964ൽ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്‌കയിലെ ഏറ്റവും വലിയ ഭൂചലനം. അലാസ്‌ക, അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിലുണ്ടായ സുനാമിയിൽ 250ലേറെ മരണങ്ങളാണ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.