ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കോഴിക്കോട് നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള സാമ്പത്തിക അഭ്യർത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാൽ 1930 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക അഭ്യർത്ഥനയിൽ വലിയ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അതേസമയം, നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെ വാട്സ് ആപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം 40000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർത്ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 ൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും (40000) കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം ബാങ്കുകളുടെ സഹായത്തോടെ തട്ടിപ്പുകാരിൽനിന്ന് തിരിച്ചു പിടിച്ചു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ തീർച്ചയായും ഒഴിവാക്കുക. ഇത്തരത്തിൽ വ്യാജ കോളുകൾ ലഭിച്ചാൽ ഉടൻ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.