ശ്രീനഗർ: ഭീകരർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവുമായി സുരക്ഷാ സേന. ജമ്മുകശ്മീരിൽ ഈ വർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചുവെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണ്. അതേസമയം, പ്രദേശത്ത് നിന്നും നാല് യുവാക്കൾ മാത്രമാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് പാക് പിന്തുണയുള്ള ഭീകരർ ആണെന്നും സേന അറിയിച്ചു.
ഓരോ അഞ്ച് ദിവസം കൂടുമ്പോഴും സുരക്ഷാസേന ഒരു ഭീകരനെ വധിക്കുന്നുണ്ട്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിച്ച 17 ഭീകരരെ വധിച്ചു. 26 ഭീകരരാണ് സൈന്യവുമായി ഉൾപ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ അഞ്ച് ജില്ലകളിലുമായി 42 ഭീകരരെ സേന വധിച്ചു. കശ്മീർ താഴ്വരയിൽ ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുൽഗാം ജില്ലകളിൽ വിദേശ ഭീകരരും കൊല്ലപ്പെട്ടുവെന്നും സുരക്ഷാ സേന കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളിലാണ് വിദേശ ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ ഭീകരർ വധിക്കപ്പെട്ടത് ബാരാമുള്ള ജില്ലയിലാണ്. 9 ഏറ്റുമുട്ടലുകളിലായി 14 ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഉറി സെക്ടറിലെ സബൂര നല ഏരിയ, മെയിൻ ഉറി സെക്ടർ, നിയന്ത്രണ രേഖയോട് ചേർന്നുള്ള കമൽകോട്ട് ഉറി, ഉൾപ്രദേശങ്ങളായ ചക് താപ്പർ ക്രിരി, നൗപോറ, ഹാദിപോറ, സാഗിപോറ, വാട്ടർഗാം, രാജ്പോർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുകൾ നടന്നത്.