റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി

മുംബൈ: റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയാണ് ആർബിഐയ്ക്ക് ലഭിച്ചത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും’ എന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോൺ കോൾ എത്തിയത്.

‘ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.