ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന ആരംഭിച്ച് അധികൃതർ

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആറോളം സ്‌കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി. ഭട്നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിലെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയിലെ സ്‌കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇത് ആറാം തവണയാണ് ഈ ആഴ്ചയിൽ ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്‌ക്വാഡുകൾ എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഐപി അഡ്രസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.