കുട്ടിക്കാലത്ത് കളിപ്പാട്ടം വാങ്ങാൻ പോലും കഴിയാത്ത സ്ഥിതി; രശ്മിക മന്ദാന ഇന്ന് സിനിമയിൽ നിന്നും പ്രതിഫലമായി വാങ്ങുന്നത് കോടികൾ

ആരാധകരുടെ മനംകവർന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് നടി രശ്മിക മന്ദാന. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച സിനിമകളുടെ ഭാഗമാകാൻ രശ്മികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തോൽവികളിൽ നിന്നും തകർച്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് രശ്മിക ജീവിതത്തിൽ മുന്നേറിയത്.

തന്റെ കുട്ടിക്കാലത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ചും രശ്മിക ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. കളിപ്പാട്ടം പോലും വാങ്ങിത്തരാൻ കഴിയാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് രശ്മിക ഇന്നത്തെ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

കർണാടകയിലെ കുടക് ജില്ലയിലാണ് 1996 ൽ രശ്മിക ജനിച്ചത്. അച്ഛന് കോഫി എസ്റ്റേറ്റും, ഒരു ഫങ്ഷൻ ഹാളും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഒരു വീട് കണ്ടെത്തുന്നതിനും, അതിന്റെ വാടക കൊടുക്കുന്നതിനും എല്ലാം ബുദ്ധിമുട്ടി. തുടക്കത്തിൽ അഭിനയത്തിലേക്ക് വിടാൻ മാതാപിതാക്കൾക്ക് താത്പര്യം ഇല്ലായിരുന്നുവെങ്കിലും പിന്നീട് രശ്മികയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവർ പിന്മാറി.

ഇന്ന് പാൻ ഇന്ത്യൻ താരം എന്ന ലേബലിലേക്ക് രശ്മിക മന്ദാന വളർന്നു. പുഷ്പ 2 എന്ന സിനിമയ്ക്ക് വേണ്ടി രശ്മിക പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുൻ നായകനാകുന്ന ചിത്രം ഡിസംബർ 5 നാണ് തിയേറ്ററുകളിലെത്തുക.