കൊച്ചി: വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കേന്ദ്രം ഇതുവരെ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദമാക്കി. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
2024-25 സാമ്പത്തിക വർഷത്തിൽ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വർഷത്തെ ഫണ്ട് കൂടി ചേർത്ത് 700 കോടിക്ക് മുകളിൽ പണം അനുവദിച്ചെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേരളം തിരിച്ചടിച്ചു. വയനാടിന് സ്‌പെഷ്യൽ ഫണ്ട് അനുവദിക്കണമെന്നാണ് കേരളം വ്യക്തമാക്കുന്നത്.
അതേസമയം, നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമല്ലോ എന്ന് കോടതി ചോദിച്ചു. കേരളത്തിൽ എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് കേരള സർക്കാർ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. വയനാട്ടിൽ ബാങ്ക് വായ്പയുടെ കാര്യത്തിൽ കേന്ദ്രം സർക്കുലർ ഇറക്കിയാൽ നന്നാവുമെന്നും കോടതി നിർദേശിച്ചു.

