പ്രായപൂർത്തിയാകാത്ത സഹോദരിയെ ഗർഭിണിയാക്കി; 19 വയസുകാരന് 123 വർഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിയെ ഗർഭിണിയാക്കിയ 19 വയസുകാരനായ സഹോദരന് 123 വർഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്.

2019 നവംബറിലാണ് 13 വയസ്സുകാരിയായ സഹോദരിയെ സഹോദരൻ ക്രൂരമായി പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി 2020 ഓഗസ്റ്റിൽ മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെൺകുട്ടിയോട് പോലീസ് സംസാരിച്ചതിൽനിന്നാണ് തന്നെ പീഡനത്തിന് ഇരയാക്കിയത് സഹോദരനാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിക്കുണ്ടായ പീഡനവും പ്രസവവും മറച്ചുവെയ്ക്കാനുള്ള കുടുംബത്തിന്റെ ശ്രമം മറികടന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അരീക്കോട് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായിരുന്ന എൻ. വി. ദാസൻ, ബിനു തോമസ്, ഉമേഷ് എ., സബ് ഇൻസ്‌പെക്ടർമാരായ .മുഹമ്മദ് അബ്ദുൽ നാസർ, കബീർ എം, എസ് സി പി ഒ മാരായ ഷിബു കെ., സലീഷ് കുമാർ, ജോബിന കെ. ബേബി എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ്‌കേസ് അന്വേഷിച്ചത്.

മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനും പ്രായപൂർത്തിയാകാത്ത ബാലികയെ ക്രൂരമായി പീഡിപ്പിച്ചതിനും 40 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ കുട്ടിയെ പീഡിപ്പിച്ചതിനും മരണം സംഭവിക്കാവുന്ന തരത്തിൽ ക്രൂരമായി പീഡിപ്പിച്ചതിനും ഗർഭിണിയാക്കിയതിനും 40 വർഷം വീതം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ബാലിക സംരക്ഷണ നിയമം പ്രകാരം മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപയുടെ പിഴയും ചേർത്ത് ആകെ 123 വർഷം തടവും ഏഴു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഒരുമിച്ച് ശിക്ഷയനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി 40 വർഷം തടവനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ 11 മാസം സാധാരണ തടവുകൂടി അനുഭവിക്കണം.