തിരുവനന്തപുരം: താൻ ആരോപിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് പി വി അൻവർ എംഎൽഎ. ഇതോടെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. എഴുതിക്കൊടുക്കേണ്ട കാര്യങ്ങളെല്ലാം എഴുതിക്കൊടുക്കുകയും ചെയ്തു. ഇതോടെ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും ഇനിയുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന കാര്യം സർക്കാർ തീരുമാനിക്കും. വിഷയത്തിൽ പാർട്ടി സെക്രട്ടറിക്കും പരാതി നൽകും. ഇനി അന്വേഷണ സംഘത്തോട് സഹകരിക്കുക എന്നത് മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും അൻവർ കൂട്ടിച്ചേർത്തു. തങ്ങളുടെ പിന്നിൽ ആരാണെന്ന ചോദ്യത്തിന് സർവശക്തനായ ദൈവമാണെന്ന് പി വി അൻവർ മാദ്ധ്യമങ്ങൾക്ക് മറുപടി നൽകി.

