എഡിജിപിയെ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണം; നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എം എൽ എയായ പി വി അൻവർ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആരോപണത്തിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് പി വി അൻവർ നടത്തിയത്. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് എ ഡി ജി പിക്കെതിരെ എം എൽ എ ഉന്നയിക്കുന്നതെന്നും സുധാകരൻ അറിയിച്ചു.

ഈ എഡിജിപിയെ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണം. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പി വി അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം. മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എ ഡി ജി പി. ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകി കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പ്രത്യുപകാരം ചെയ്തത്. സ്വർണ്ണക്കടത്ത് ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാത്തരം നെറികേടുകളുടെയും സങ്കേതമാണെന്ന് നേരത്തെ തന്നെ താൻ ഉന്നയിച്ചതാണ്. അത് ശരിവെയ്ക്കുന്നതാണ് ഭരണകക്ഷി എം എൽ എയുടെ ആരോപണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീ വിഷയത്തിൽ പുറത്താക്കപ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കാൻ നിയോഗിച്ചപ്പോൾ തന്നെ സി പി എമ്മിന്റെ നിലപാട് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് പി ശശി. ഇദ്ദേഹം നടത്തുന്ന ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. പൂർണ്ണമായും ഉപജാപക സംഘത്തിന് സമ്പൂർണ്ണ വിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.