മുകേഷ് എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കൊച്ചി: മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.

അതേസമയം, നടൻ ജയസൂര്യക്കെതിരെ കേസെടുത്ത് പോലീസ്. ലൈംഗിക ആരോപണ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ആലുവയിലെ വീട്ടിലെത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.