ലൈംഗികാരോപണ പരാതി; സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ രണ്ടു പേരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

രജിസ്റ്ററിൽ പേരെഴുതി ഒപ്പു വച്ച ശേഷമാണ് നടി സിദ്ദിഖിന്റെ മുറിയിലെത്തുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനിടെ ഹോട്ടലിലെ പരിശോധന അന്വേഷണ സംഘം പൂർത്തിയായി.