സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നത്; സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ലഖ്പതി ദീദി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാപ്പില്ല. കുറ്റവാളി ആരായാലും, അവരെ വെറുതെവിടില്ല. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവർക്ക് അർഹിച്ച ശിക്ഷ നൽകുന്നതിനായി ഭാരതത്തിന്റെ നിയമസംഹിത കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, എഫ്‌ഐആർ ഫയൽ ചെയ്യുന്നില്ലെന്ന പരാതികൾ പോലുമുണ്ടായിരുന്നു. ഭാരതീയ ന്യായ സംഹിത കൊണ്ടുവരികയും രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങളിൽ നിരവധി ഭേദഗതികൾ വരുത്തുകയും കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ താത്പര്യമില്ലെങ്കിൽ, അവൾക്ക് ഇ-എഫ്‌ഐആർ (e-FIR) ഫയൽ ചെയ്യാവുന്നതാണ്. ഇ-എഫ്‌ഐആർ ആർക്കും തന്നെ മാറ്റാനോ തിരുത്താനോ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.