മദ്യപിച്ചെത്തി കെഎസ്ഇബി ജീവനക്കാരുടെ മോശം പെരുമാറ്റ ആരോപണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കിയെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകർ. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവിന്റെ കുടുംബത്തെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികാര നടപടിയുടെ ഭാഗമായി ഇരുട്ടിലാക്കിയത്. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് അന്വേഷണത്തിനാണ് ബിജു പ്രഭാകർ ഉത്തരവിട്ടത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.