ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; മമതാ ബാനർജി പ്രചാരണത്തിനായി വയനാട്ടിൽ എത്തിയേക്കും

തിരുവനന്തപുരം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടിയാണ് മമത വയനാട്ടിലെത്തുന്നത്.

കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞദിവസം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.

തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളിൽ കോൺഗ്രസുമായി അകൽച്ചയിലാണ് മമത. രാജിവെച്ച കോൺഗ്രസിന്റെ ബംഗാൾ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായുള്ള തർക്കമാണ് ഇതിന് പ്രധാനകാരണം. സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തിരുന്നു.