കാസർകോട്: കോവിഡ് മഹാമാരിക്കാലത്ത് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കോവിഡ് ആശുപത്രി ഇനി ചായക്കടയായും വിശ്രമ കേന്ദ്രമായും ഗോഡൗണായും മാറും. 60 കോടി മുടക്കി നിർമ്മിച്ച ആശുപത്രിയാണ് പൊളിച്ചതിന് ശേഷം മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
കണ്ടെയിനറുകൾ അഴിച്ചെടുത്ത് സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. സ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമ്മാണ സ്ഥലത്തെ 24 കണ്ടെയിനറുകളാണ് ആദ്യ ഘട്ടത്തിൽ മാറ്റുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന് 4 എണ്ണം, ഹാർബർ എഞ്ചിനിയർ വകുപ്പിന് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ ഇവിടെ നിന്ന് പൊളിച്ചുകൊണ്ടു പോകും.തെക്കിൽ വില്ലേജിൽ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടെയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്. ആശുപത്രിയുടെ കണ്ടെയിനർ നശിച്ചത് വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. കൃത്യമായ അറ്റുകുറ്റപ്പണിയും പരിചരണവും നടത്താത്തതാണ് ഇതിന് കാരണം.

