തിരുവനന്തപുരം: നിയമസഭയിൽ ‘അവൻ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് വി ഡി സതീശൻ പ്രതികരണം നടത്തിയത്.
മുഖ്യമന്ത്രി മുൻപ് ഉപയോഗിച്ച പല വാക്കുകളും അൺപാർലമെന്ററി ആണെന്ന രൂക്ഷ വിമർശനവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പലതവണയായി ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് താൻ സഭയിൽ പറയില്ല. താൻ സംസാരിക്കുന്ന ഒരു വാക്കുപോലും സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെടരരുത് എന്ന് തനിക്ക് നിർബന്ധമുണ്ട്. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമർശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവർക്കും നല്ലതെന്നും അദ്ദേഹം അറിയിച്ചു.