തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെ ആദരിച്ച് സംസ്ഥാന സർക്കാർ. കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.
കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ നേർന്നു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രവർത്തകരോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

