റോം: ഇറ്റലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻവാദികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻവാദികൾ തകർത്തു കളഞ്ഞത്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും ഖാലിസ്ഥാൻ വാദികൾ പ്രതിമയിൽ എഴുതിയിരുന്നു.
ഇറ്റിലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഖാലിസ്ഥാൻവാദികൾ പ്രതിമ തകർത്തത്.
ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഇറ്റലിയിലേക്ക് പുറപ്പെടുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ വിദേശ യാത്രയാണ് ഇറ്റലിയിലേക്കുള്ളത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
ജി7 ഉച്ചകോടിക്ക് പുറമേ സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

