സംസ്ഥാനത്തെ 630 വനസംരക്ഷണ സമിതിയിലും വായനശാലകൾ സ്ഥാപിക്കാൻ പദ്ധതി; പ്രാഥമിക നടപടിയുമായി വനംവകുപ്പ്

മറയൂർ: സംസ്ഥാനത്തെ 630 വനസംരക്ഷണ സമിതിയിലും വായനശാലകൾ സ്ഥാപിക്കാൻ പദ്ധതിയുമായി വനംവകുപ്പ്. ഇതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു. ആദിവാസി മേഖലകളിലെയും വനാതിർത്തിയിലുള്ള ഗ്രാമങ്ങളിലെയും വിദ്യാർഥികളുടെ വായനശീലം വളർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാന വനവികസന ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 65 വനസംരക്ഷണസമിതിക്ക് 25,000 രൂപ ഏജൻസി അനുവദിച്ചുകഴിഞ്ഞു. ഇതിൽ മറയൂരിലെ 11 കുടിയുമുണ്ട്. വനസംരക്ഷണസമിതിക്കും (വി.എസ്.എസ്.), വന്യജീവിസങ്കേതങ്ങളിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി(ഇ.ഡി.എസ്.)ക്കുമാണ് വായനശാല സ്ഥാപിക്കാൻ ഫണ്ടനുവദിക്കുന്നത്. ആദ്യം അപേക്ഷ നൽകണം.

വി.എസ്.എസിന്റെയും ഇ.ഡി.എസിന്റെയും വരുമാനത്തിന്റെ 10 ശതമാനം സംസ്ഥാന വനവികസന ഏജൻസിക്ക് വർഷംതോറും നൽകുന്നുണ്ട്. ഇതിൽ നിന്നാണ് വായനശാലകൾക്ക് ഏജൻസി ഫണ്ടനുവദിക്കുന്നത്. വി.എസ്.എസിനും ഇ.ഡി.സി.ക്കുമായിരിക്കും നടത്തിപ്പ് ചുമതല.

ഇതുകൂടാതെ കതിർ എന്ന പേരിൽ സംസ്ഥാനത്ത് ഗോത്രവർഗ മേഖലയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് കോളേജുകളെയും കതിർ പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി തുടരുകയാണെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഇക്കോ ഡിവലപ്‌മെന്റ്) സാബി വർഗീസ് അറിയിച്ചു.