സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു; പ്രഖ്യാപനവുമായി വി കെ പാണ്ഡ്യൻ

ഭുവനേശ്വർ: സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യൻ. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഒഡിഷയിൽ ബിജു ജനതാദൾ തകർന്നടിഞ്ഞതിനു പിന്നാലെയാണ് രാജി. സിവിൽ സർവീസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.

തന്റെ ഗുരുവാണ് നവീൻ പട്നായിക്കെന്നും ഇത്രയും കാലം പ്രവർത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നും പാണ്ഡ്യൻ പറഞ്ഞു. തന്റെ ഏകലക്ഷ്യം നവീൻ പട്നായിക്കിനെ സഹായിക്കുക എന്നതു മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കുക എന്നതായിരുന്നു ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മറ്റു ചിലർ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിട്ടു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. തനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. താൻ മൂലം പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.