കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനി ഭീതിയിൽ നാട്ടുകാർ

ആലപ്പുഴ: പക്ഷിപ്പനി ഭീതി തുടരുന്ന മുഹമ്മയിൽ കാക്കകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കായിപ്പുറത്താണ് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു.

പക്ഷിപ്പനിയെ തുടർന്ന് 3000ത്തിലധികം വളർത്തുപക്ഷികളെ കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കള്ളിംഗിന് വിധേയരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്കകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശത്ത് വളർത്തുപക്ഷികളെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കഞ്ഞിക്കുഴിയിൽ ചിലയിടങ്ങളിൽ കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതും പക്ഷിപ്പനിയാണെന്ന് അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ സ്ഥിരീകരണമുണ്ടാകുവെന്ന് ജില്ലാ മൃഗസംരക്ഷണ വിഭാഗം അറിയിച്ചു.

പക്ഷിപ്പനി നാടാകെ വ്യാപിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് മൃഗസംരക്ഷണ വകുപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി മേഖലകളിൽ നിന്ന് വനം വകുപ്പ് ശേഖരിച്ച 26 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു.