തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകർച്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. സെബിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിൻഡൻ ബെർഗ് കേസിലെ ഹർജിക്കാരൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസത്തെ ഓഹരിവിപണി തകർച്ചയിൽ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയിൽ ബി.ജെ.പി. നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവിൽ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നൽകിയെന്നും രാഹുൽ കുറ്റപ്പെടുത്തി.