ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂർ. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടായിരുന്നു പ്രശംസ. രാഹുലിനെ ‘മാൻ ഓഫ് ദ മാച്ച്’ എന്ന് ശശി തരൂർ വിശേഷിപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യമെമ്പാടും വ്യാപക പ്രചാരണം നടത്തി. എന്നാൽ, ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാൽ രാഹുൽ ലോക്സഭയിൽ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ ധാർഷ്ട്യത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ അവരുടെ തോൽവിക്ക് കാരണം. കഴിഞ്ഞ പത്തുകൊല്ലം മോദി സർക്കാർ പാർലമെന്റിനെ ഒരു നോട്ടീസ് ബോർഡ് പോലെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, പ്രതിപക്ഷത്തിന് 230-ൽ അധികം എംപിമാരെ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇനി ഇത്തരം സമീപനം നടപ്പാവുകയില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

