തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഗീവർഗീസ് മാർ കുറിലോസ് ഇടതുസർക്കാരിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇടതു സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ കാരണം പ്രളയം ആണെന്ന് ഒരു പുരോഹിതൻ പറഞ്ഞു. പുരോഹിതന്മാർക്കിടയിലും വിവരദോഷി ഉണ്ടാകുമെന്നാണ് ആ വാക്കുകൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരും ഒരു പ്രളയം വീണ്ടും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും കൂറിലോസിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്ന് ഇനിയും പാഠം പഠിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും മാർ കൂറിലോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാനകാരണം അതിശക്തമായ ഭരണവിരുദ്ധവികാരമാണെന്നും സിപിഎം എത്രനിഷേധിക്കാൻ ശ്രമിച്ചാലും അത് യാഥാർഥ്യമാണ്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം കേരളത്തിലെ ജനങ്ങൾ വീഴില്ലെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തിരുന്നു.

