കെഎസ്ആർടിസിയുടെ എല്ലാ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കാൻ കർമപദ്ധതി; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കാൻ കർമപദ്ധതി ആവിഷ്‌ക്കരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെഎസ്ആർടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകൾ പതിക്കരുതെന്ന നിർദ്ദേശവും മന്ത്രി നൽകി. ‘എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്’ എന്ന പേരിൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ പങ്കുവച്ച വിഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകൾക്ക് പോസ്റ്ററുകൾ പതിക്കാൻ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകൾ പതിക്കാവൂ. സിഎംഡി ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകൾ കണ്ടാൽ പോലും ഇളക്കിക്കളയണം. ബസ് സ്റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റർ ഒട്ടിച്ചാൽ അക്കാര്യം പൊലീസിൽ അറിയിക്കണം. അത്തരം സംഘടനകൾക്കെതിരെ കെഎസ്ആർടിസി കേസ് കൊടുക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ ഒരു ഫയലും ഉദ്യോഗസ്ഥർ നടപടി എടുക്കാതെ മേശയിൽ വയ്ക്കാൻ പാടില്ല. അത്തരക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് നിരന്തരം പരാതിയുണ്ട്. പരാതികൾ അയയ്ക്കാൻ പൊതുജനങ്ങൾക്കായി പുതിയ സംവിധാനം കൊണ്ടുവരും. സാറ്റർഡേ സ്മാർട്ട് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് ജോലികൾ തീർത്ത ശേഷം ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് ഓഫിസ് വൃത്തിയാക്കണം. ഫയലുകൾ അടുക്കിവച്ച് ഫാനുകൾ ഉൾപ്പെടെ തൂത്ത് വൃത്തിയായി സൂക്ഷിക്കണം. ജോലി കഴിഞ്ഞ് പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യാൻ മറക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി നിരക്കിൽ പത്തുലക്ഷത്തിലധികം രൂപ ലാഭിക്കാൻ കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളും കംപ്യൂട്ടർവൽക്കരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.