ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളാകാൻ സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികളും ട്രാൻസ്ജെൻഡർ വ്യക്തികളും. ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതിഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. 8,000ത്തിലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ‘വിക്ഷിത് ഭാരത് അംബാസിഡർമാരിൽ’ ഉൾപ്പെടും. ഇത്തവണത്തെ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിച്ചു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർക്കും ചടങ്ങിൽ ക്ഷണം ലഭിച്ചുവെന്നാണ് വിവരം.
സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.

