അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം

ന്യൂഡൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. ജൂലൈ 30ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ബിജെപി സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കേസിൽ പ്രതികളാണ്.

ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബെംഗളൂരുവിലെ കോടതിയിൽ ഹാജരായത്.