ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 8 ശനിയാഴ്ച്ച നടന്നേക്കും. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ എൻഡിഎ മുന്നണി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. സത്യപ്രതിജ്ഞ കഴിയുന്നതോടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവായി മോദി മാറും.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം നേതാക്കൾ അറിയിച്ചത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു.
ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കിയിരുന്നു.
ജൂൺ 7 ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.

