തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്; സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂരിൽ വിജയിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 74,840 വോട്ടുകളുടെ ലീഡിലാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. രണ്ടാം സ്ഥാനത്തെത്തിയത്. ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി അറിയിക്കുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

ഈ വിജയം തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് നേടി തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം സാധ്യമായത്. കഴിഞ്ഞ അഞ്ചു വർഷമായി താൻ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നൽകിയ തൃശൂരിലെ പ്രവർത്തകർക്കു നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഭാര്യ രാധിക സുരേഷ് ഗോപിയ്ക്ക് മധുരം നൽകി ആഹ്ലാദം പങ്കിട്ടു. തുടർന്ന് വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്തു. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുകുന്ദേട്ടൻ, ഭാസ്‌കർ റാവു ജി, മാരാർ ജി, 800-ലധികം ബലിദാനികളുടെ കുടുംബങ്ങൾ.. എല്ലാവർക്കും വേണ്ടിയാണ് ഈ വിജയം സമർപ്പിക്കുന്നത്. തൃശൂർ എടുത്തിട്ടില്ലെന്നും അവർ തനിക്ക് തന്നതിനെ ഹൃദയത്തോട് ചേർക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ലൂർദ് മാതാവിന് താൻ സമർപ്പിച്ച കിരീടം പോലെയാണ് തൃശൂർ ഞാൻ തലയിലെടുത്ത് വച്ചിരിക്കുന്നത്. ജനങ്ങളോട് എന്നും കടപ്പാടുള്ളവനായിരിക്കും എന്നും അവർക്ക് നൽകിയ ഉറപ്പ് ലംഘിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.