ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എംവിഡി. കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിലാണ് എംവിഡി കുറ്റപത്രം നൽകിയത്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികൾ. ഇവർക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു.
ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
അതേസമയം, ആർടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവർക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഒയോട് നിർദ്ദേശിച്ചത്. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റും. മന്നഞ്ചേരി പോലീസിനാണ് ആർടിഒ കാർ കൈമാറുന്നത്.