ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പോലീസിന് ബോധ്യമുണ്ടാവണം; ഹൈക്കോടതി

കൊച്ചി: പോലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേയെന്ന് കോടതി ചോദിക്കുന്നു. ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശം നൽകി.

മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആരാണ് പോലീസിനോട് പറഞ്ഞത്. മേലുദ്യോഗസ്ഥരെ അത്തരം വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ പോലീസ് തയാറാകുമോ. വിളിച്ചാൽ വിവരമറിയും. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുത്. ഈ അധികാരം എല്ലാക്കാലത്തും നിലനിൽക്കും എന്നു കരുതരുതെന്ന് കോടതി ഓർമ്മിപ്പിച്ചു.

ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പോലീസിന് ബോധ്യമുണ്ടാവണം. ഇത് ഒരു ഭരണഘടനാപരമായ കാര്യമാണ്. അതിനെ മാനിച്ചേ മതിയാകൂ. രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും കൊളോണിയൽ മനോഭാവം മാറിയില്ല എന്നത് ശരിയല്ല. ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയല്ല താൻ സംസാരിക്കുന്നത്. സംസ്ഥാന പോലീസിലെ ഭൂരിഭാഗം പേരും നല്ലവരാണ്. ജനങ്ങൾ പേടിയോടുകൂടി പോലീസിനെയും പോലീസ് സ്റ്റേഷനേയും സമീപിക്കുന്ന സാഹചര്യം മാറണം. സ്ത്രീകളും കുട്ടികളുമൊക്കെ പേടിച്ചിട്ട് പോലീസ് സ്റ്റേഷനിലേക്ക് വരുമോ. ഭീതിയുടെ അന്തരീക്ഷം മാറ്റണം. പോലീസുകാർ സംസ്‌കാരത്തോടും മര്യാദയോടും കൂടി പെരുമാറണമെന്ന് ഡിജിപി സർക്കുലർ ഇറക്കിയ കാര്യം പോലും അറിയില്ല എന്നുണ്ടോ. അതോ അത് അനുസരിക്കാൻ വിസമ്മതിക്കും എന്നാണോയെന്ന് കോടതി ചോദിക്കുന്നു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ് കേരളത്തിലേത് എന്നതിൽ സംശയമില്ല. എന്നാൽ ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളതാണ് പോലീസ് എന്നതു മനസ്സിലാക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.