ന്യൂഡൽഹി: മദ്യനയ കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജിസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. ഇതോടെ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടിന് കീഴടങ്ങേണ്ടി വരും.
ഇടക്കാല ജാമ്യം നീട്ടി നൽകമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹർജി സമർപ്പിച്ചത് ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയായിരുന്നു. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ്. ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കെജ്രിവാളിന് കോടതി അനുവദിച്ചത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നായിരുന്നു കോടതി നൽകിയ നിർദ്ദേശം.

