പായൽ കപാഡിയയ്ക്ക് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണം; പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് ശശി തരൂർ

തിരുവനന്തപുരം: പായൽ കപാഡിയയ്ക്ക് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി പായലിനും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാർഥികൾക്കും എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂർ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ അവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ശശി തരൂർ പറഞ്ഞു. മഹാഭാരതം സീരിയലിലൂടെ പ്രശസ്തനായ ഗജേന്ദ്ര ചൗഹാനെ ബിജെപി സർക്കാർ എഫ്ടിഐഐ ചെയർമാനായി നിയമിച്ചതിനെതിരെ പായൽ കപാഡിയയുടെ നേതൃത്വത്തിൽ അന്നത്തെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രതിഷേധം നടത്തിയിരുന്നു. 140 ദിവസത്തോളം ഈ പ്രതിഷേധം നീണ്ടു നിന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസുകൾ ബഹിഷ്‌കരിച്ചതിന് വിദ്യാർഥികൾക്കെതിരെ സ്ഥാപനം നടപടി സ്വീകരിക്കുകയും ചെയ്തു.

കപാഡിയ ഉൾപ്പെടെ 35 വിദ്യാർഥികൾക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത് അന്നത്തെ എഫ്ടിഐഐ ഡയറക്ടർ പ്രശാന്ത് പത്രാബെയെ ഓഫിസിൽ ബന്ദിയാക്കിയതിനാണ്. നിയമവിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, കലാപം തുടങ്ങിയ കുറ്റങ്ങൾക്കും വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു. 2015ലെ ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്, പായലിനെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി തരൂർ രംഗത്തെത്തിയത്. ഓസ്‌കാർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

പായൽ കപാഡിയ കാനിൽ നിന്ന് തിരിച്ചെത്തിയെന്നും ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെ സമരം ചെയ്തതിന് എഫ്ടിഐഐ തനിക്കെതിരെ ഫയൽ ചെയ്ത കേസിന്റെ വിചാരണയ്ക്കായി അവർ അടുത്ത മാസം പോകുമെന്നത് എന്ത് രസകരമാണല്ലേയെന്നായിരുന്നു റസൂർ പൂക്കുട്ടി പറഞ്ഞത്. ഈ പോസ്റ്റും തരൂർ പങ്കുവെച്ചിട്ടുണ്ട്.