കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകും; ഗണേഷ് കുമാർ

തിരുവനന്തപുരം: ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുല കണ്ടെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്.

യാത്രക്കാർ യജമാനൻമാരാണെന്ന് ജീവനക്കാർ മനസ്സിലാക്കണം. ബസ്സിൽ കയറുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടിൽ കെഎസ്ആർടിയിലെ ഓരോ വിഭാഗങ്ങൾക്കായി (കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ) നാല് എപ്പിസോഡുകളുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഇന്ന് പുറത്തിറക്കിയിരുന്നു. വീഡിയോയുടെ ആദ്യ എപ്പിസോഡ് കണ്ടക്ടർമാർക്ക് വേണ്ടിയാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.