കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധ; ആശുപത്രിയിലായത് 180 പേർ; ഒരാൾ മരിച്ചു

തൃശ്ശൂർ: കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരണപ്പെട്ടു. തൃശൂർ പെരിഞ്ഞനത്താണ് സംഭവം. കുറ്റിക്കടവ് സ്വദേശിനിയായ ഉസൈബയാണ് മരിച്ചത്. സെയിൻ ഹോട്ടലിൽ നിന്നാണ് കുഴിമന്തി കഴിച്ചത്. പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴിമന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്‌സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കൾ എന്നിവരാണ് ഇത് കഴിച്ചത്. കഴിഞ്ഞ ദിവസം സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു. ഇന്നലെയാണ് ഉസൈബയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് ഇവർ മരണപ്പെട്ടത്.

ഹോട്ടലിന് ലൈസൻസില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നത്. കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ഇപ്പോഴത്തെ നടത്തിപ്പുകാരനായ റഫീഖ് കഴിഞ്ഞ മാസം 4 ന് ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നാണ് വിവരം.