വാഹന പുകപരിശോധനയിൽ ക്രമക്കേട് തടയൽ; പുതിയ നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: വാഹന പുകപരിശോധനയിൽ ക്രമക്കേട് തടയാൻ തത്സമയ റീഡിങ് പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി കേന്ദ്രസർക്കാർ. ഇതിനായി സോഫ്റ്റ് വെയറിൽ കേന്ദ്രം മാറ്റംവരുത്തി.

ടെസ്റ്റിങ് സമയത്ത് പുകക്കുഴൽ ക്രമീകരിച്ച് പരിശോധനാ ഫലത്തിൽ മാറ്റം വരുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടി. ഓക്‌സിജൻ അളവു കുറയുമ്പോൾ നോസിൽ പുറത്തേയ്ക്കു നീക്കി വായു കയറ്റിവിട്ട് വിജയിപ്പിക്കുന്ന രീതി ചിലർ അവലംബിച്ചിരുന്നു. വാഹനങ്ങളുടെ ആക്‌സിലറേഷൻ ക്രമീകരിച്ചും പരിശോധാഫലത്തിൽ മാറ്റംവരുത്തി. ഇതൊഴിവാക്കുന്നതാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

അന്തിമഫലത്തിൽ മാത്രമേ ഒരോ വാതകത്തിന്റെയും അളവ് വ്യക്തമാകൂ. ഇതിനൊപ്പം പാസല്ലെങ്കിൽ പരാജയ സർട്ടിഫിക്കറ്റും ലഭിക്കും. പരിശോധനയ്ക്കിടെ ഇടപെടാൻ കഴിയില്ല. പരാജയപ്പെട്ടാൽ വാഹനത്തിന്റെ തകരാർ പരിഹരിച്ച് വീണ്ടും ടെസ്റ്റിന് ഹാജരാക്കേണ്ടിവരും.

അതേസമയം, എല്ലാ വാഹനങ്ങൾക്കും ഒരേ പരിശോധനാഫലം നൽകിയ പുകപരിശോധനാ യന്ത്രങ്ങൾ വിതരണം ചെയ്ത കമ്പനിയെ കരിമ്പട്ടിയിൽ ഉൾപ്പെടുത്താനുള്ള നടപടിയും സ്വീകരിച്ചു.

കമ്പനി തന്നെ വ്യാജ സോഫ്റ്റ് വെയർ ഉപയോഗിച്ചതാണെന്ന സംശയം ഉയർന്നിട്ടുണ്ട്. ടെസ്റ്റിനെത്തുന്ന വാഹനങ്ങളെല്ലാം പാസാകുന്ന വിധത്തിലായിരുന്നു ക്രമീകരണം.