സ്വാതി സ്വയം പരിക്കുകൾ ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ നാടകീയ രംഗങ്ങൾ. രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ചക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാറിന്റെ പി എ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഭാഗം വാദത്തിനിടെ സ്വാതി മാലിവാൾ കോടതിയിൽ പൊട്ടിക്കരഞ്ഞു.

സ്വാതി സ്വയം പരിക്കുകൾ ഉണ്ടാക്കിയതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത് കേട്ടതോടെ സ്വാതി കോടതിയിൽ വച്ച് വികാരാധീനയാവുകയായിരുന്നു. സ്വാതിയെ അപകീർത്തിപ്പെടുത്താൻ അല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ ഹരിഹരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വാതി മാലിവാൾ കോടതി മുറിയിൽ പൊട്ടിക്കരയുകയായിരുന്നു. സ്വാതി ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങൾ ആയിരുന്നു, ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം സ്വാതി മനപ്പൂർവ്വം തെരഞ്ഞെടുക്കുകയായിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വെച്ചത്.

സംഭവം നടന്നുവെന്ന് ആരോപിക്കുന്നത് മെയ് 13നാണ്. എന്നാൽ വിവരം പുറത്തു പറയുന്നത് മെയ്‌ 16നാണ്. സ്വാതി മാലിവാളിന്റെ ശരീരത്തിൽ ഉണ്ടായ മുറിവ് എത്തരത്തിലുള്ളതാണെന്ന് അറിയില്ല. അതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടോ അതോ അടുത്തുതന്നെ ഉണ്ടായതാണോ എന്ന സംശയവും പ്രതിഭാഗം ഉന്നയിക്കുന്നു. സംഭവം നടന്നപ്പോൾ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നുവെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു.