തിരുവനന്തപുരം: രാജ്യത്തെ റേഷൻ കാർഡുകൾ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിലൂടെ ഏകീകരിക്കുമ്പോൾ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറഞ്ഞേക്കും. ഒടുവിലത്തെ സെൻസസ് ആസ്പദമാക്കിയാണ് വിഹിതം നിശ്ചയിക്കുന്നത്. രാജ്യത്ത് പൊതുവേ ദരിദ്ര വിഭാഗം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിന് ആനുപാതികമായി വിഹിതം കുറയും. അത് കേരളത്തിലും പ്രതിഫലിക്കുമെന്നാണ് വിവരം. കേരളത്തിന് പ്രതിവർഷം ലഭിക്കുന്നത് 14.25 ലക്ഷം ടൺ അരിയാണ്. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയോട് യോജിപ്പാണെങ്കിലും അരിവിഹിതം കുറയ്ക്കുന്നതിലുള്ള എതിർപ്പ് കേരളം അറിയിച്ചിട്ടുണ്ട്.
പദ്ധതി മൂന്നു വർഷംകൊണ്ട് നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്ത എല്ലാവർക്കും രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ കഴിയും. മുൻഗണനാവിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകളുടെ വിതരണത്തിലും മാറ്റമുണ്ടാകും. അവ അനുവദിക്കാനും അപേക്ഷകൾ തീർപ്പാക്കാനും കേന്ദ്രത്തിനും അധികാരം ഉണ്ടായിരിക്കും.
സ്മാർട്ട് പി ഡി എസ് എന്ന ഈ പദ്ധതിയിൽ കാർഡ് അംഗങ്ങളുടെയും റേഷൻ ഇടപാടുകളുടെയും വിവരങ്ങൾ കേന്ദ്ര നിയന്ത്രണത്തിലുള്ള ക്ലൗഡ് സെർവറുകളിലാകും സൂക്ഷിക്കുക. നിലവിൽ കേരളം ഉൾപ്പെടെ ഇവ സ്വന്തമായി സൂക്ഷിക്കുകയാണ്. ദരിദ്രവിഭാഗത്തിൽപ്പെട്ടവർ എത്ര റേഷൻ വാങ്ങുന്നുവെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് നിരീക്ഷിക്കും. തുടർച്ചയായി വാങ്ങാത്തവരെ ഒഴിവാക്കും. പദ്ധതിയുടെ 60% കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. പുതിയ പദ്ധതി അന്യസംസ്ഥാന തൊഴിലാളികൾക്കും നേട്ടമായിരിക്കും.

