സർക്കാർ ഇതൊന്നും കാണുന്നില്ലേ; രാജ്കോട്ടിലെ തീപിടുത്തത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി

ഗാന്ധിനഗർ: ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. രാജ്കോട്ടിൽ ടിപിആർ ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് വിമർശനം. സർക്കാർ ഇതൊന്നും കാണുന്നില്ലേയെന്ന് കോടതി ചോദിച്ചു.

സർക്കാർ സംവിധാനങ്ങൾ അറിയാതെ എങ്ങനെയാണ് സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ ബിജെപി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് കോടതി ചോദിച്ചു. തങ്ങളുടെ അറിവോടെയല്ല ഗെയിമിങ് സോൺ പ്രവർത്തിച്ചിരുന്നതെന്നായിരുന്നു ഇതിന് രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഇതോടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

നിങ്ങൾ അന്ധരായോ, അതോ നിങ്ങൾ ഉറങ്ങുകയാണോ. ഗുജറാത്തിലെ സർക്കാരിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം കോടതിക്ക് നഷ്ടമായിരിക്കുന്നു. നഗരത്തിൽ ഇത്തരത്തിലെ 34 ഗെയിമിങ് സോണുകളാണുള്ളതെന്നും അതിൽ ഷോപ്പിങ് മാളുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന മൂന്ന് ഗെയിമിങ് സോണുകൾ അഗ്‌നിസുരക്ഷാ വിഭാഗത്തിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്തിൽ തീപ്പിടിത്തംമൂലം ഉണ്ടാകുന്ന ആദ്യത്തെ അപകടമല്ല രാജ്കോട്ടിലേത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം അപകടങ്ങൾ വീണ്ടും സംഭവിക്കാൻ കാരണം. ഇതിനുമുമ്പ് ഇത്തരത്തിലുള്ള അപകടങ്ങൾ നടന്നിട്ടുള്ളപ്പോഴൊക്കെ കോടതി ഇടപെട്ടിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുമൊക്കെ കോടതി അന്നും നിർദേശങ്ങൾ തന്നിരുന്നു. അവ നടപ്പിലാക്കിയിരുന്നെങ്കിൽ രാജ്കോട്ടിലെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഗുജറാത്ത് ഹൈക്കോടതി കൂട്ടിച്ചേർത്തു.