ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ബിജെപി ഒരിക്കലും മാറ്റംവരുത്തില്ല; രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ബിജെപി ഒരിക്കലും മാറ്റംവരുത്തുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 1976-ൽ ആമുഖത്തിൽ മാറ്റംവരുത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം അനാവശ്യ വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ദിരാഗാന്ധിയാണ് 1976-ൽ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായി മാറ്റം വരുത്തിയത്. ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്താമെന്ന് ഭരണഘടനാ അസംബ്ലിയിലെ മുഴുവൻ അംഗങ്ങളും ഐക്യകണ്ഠമായി തീരുമാനമെടുത്തതാണ്. കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ഇത് ഒരുപാട് തവണ ചെയ്തതുമാണ്. എന്നാൽ ഭരണഘടനയുടെ ആമുഖത്തിൽ ഒരിക്കലും മാറ്റം പാടില്ല. അതുപോലും ചെയ്ത കോൺഗ്രസാണ് തങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. അത്തരം ഒരു ചിന്ത പോലും ബിജെപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന കീറിയെറിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു രാജ്‌നാഥ് സിംഗ്.