തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് എക്‌സൈസ് മന്ത്രിയും സിപിഎം. എന്നാൽ, ഈ വാദങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 97 ബാർ ലൈസൻസ് നൽകിയത് ഉൾപ്പെടെ രണ്ടാം പിണറായി സർക്കാർ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്.
ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് പൊതു അവധികൾ ബാധകമാക്കിയത് മുതൽ ടേൺഓവർ ടാക്‌സ് വെട്ടിപ്പ് നടത്തിയ ബാറുകൾക്ക് മദ്യം നൽകരുതെന്ന നികുതി വകുപ്പ് നിർദ്ദേശം അട്ടിമറിച്ചത് ഉൾപ്പെടെയുള്ള സാഹയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാർ കോഴ ആരോപണങ്ങൾ സർക്കാരിന് വലിയ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ചിട്ടു പോലുമില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
എക്‌സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മദ്യ നിരോധനമല്ല, മദ്യ വർജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സർക്കാർ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താൽപര്യമാണെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. സംസ്ഥാനത്ത് നിലവിൽ 801 ബാറുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസൻസ് അനുവദിച്ചത് 97 ബാറുകൾക്കാണ്. ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷൻ നേടിയ 33 ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

