തീവ്രവാദ, ഗൂഢാലോചനാക്കേസുകൾ; മിന്നൽ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി

ബെംഗളൂരു: കർണാടക കേന്ദ്രീകരിച്ച് റജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായി ബന്ധപ്പെട്ട് മിന്നൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. വിവിധ സംസ്ഥാനങ്ങളിലായി 11 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. രാമേശ്വരം കഫേ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ അറിയിച്ചു.

റെയ്ഡിൽ നിരവധി ഡിജിറ്റൽ തെളിവുകളും നിർണായക രേഖകളും കണ്ടെടുത്തു. 2012ലെ ലഷ്‌കർ-ഇ-തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ട് പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് എൻഐഎ സംശയിക്കപ്പെടുന്നത്.

ആന്ധ്രാപ്രദേശിലെ അനന്ത് പൂരിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും അടക്കം റെയ്ഡുകൾ നടന്നു. കോയമ്പത്തൂരിലെ സായ് ബാബ റോഡിൽ ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.