നീലഗിരി: ഊട്ടിയിൽ മെയ് 20 വരെ സഞ്ചാരികൾക്ക് സന്ദർശന വിലക്ക്. നീലഗിരി മേഖലയിൽ കനത്ത മഴ ലഭിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഈ ദിവസങ്ങളിൽ ഊട്ടിയിലേക്കുള്ള യാത്ര സഞ്ചാരികൾ മാറ്റിവെക്കണമെന്നാണ് നീലഗിരി ജില്ലാ കളക്ടർ എം അരുണിമ നൽകിയിരിക്കുന്ന നിർദ്ദേശം.
കനത്ത മഴക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നീലഗിരി മേഖലയിൽ വെള്ളിയാഴ്ച്ച മുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 18, 19, 20 ദിവസങ്ങളിൽ 6സെമി മുതൽ 20 സെ.മീ വരെ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അടിയന്തര സാഹചര്യം നേരിടാനായി 3,500 ഫസ്റ്റ് റെസ്പോണ്ടേഴ്സും 200 വളണ്ടിയർമാരും 25 അഗ്നിരക്ഷാ വാഹനങ്ങളും മെഡിക്കൽ സംഘങ്ങളും തയ്യാറാണ്. ഭക്ഷണവും മരുന്നും അടക്കമുള്ള അത്യാവശ്യ വസ്തുക്കൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വിശദമാക്കി. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും സ്റ്റോക്കുകൾ നീക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ജനങ്ങൾക്ക് ബന്ധപ്പെടാം. ഈ നമ്പർ വഴി വിവരം ലഭിക്കുന്നതിന് അനുസരിച്ച് ബന്ധപ്പെട്ട വകുപ്പിന് വിവരം കൈമാറുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.

