കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയോളം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടമായെന്നായിരുന്നു റിപ്പോർട്ടുകൾ. മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഇർഫാൻ പിടിയിലായത്.
മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറിലാണ് ഇർഫാൻ കൊച്ചിയിലെത്തിയത്. ‘അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാമർഹി’ എന്ന ബോർഡും കാറിലുണ്ടായിരുന്നു. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബിഹാറിലെ സീതാമർഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചതെന്ന് പോലീസ് വിശദമാക്കി. വാഹനത്തിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നുണ്ട്. പലപ്പോഴും ഇർഫാൻ യാത്ര ചെയ്തിരുന്നത് ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലായിരുന്നു.
സാഹസികമായാണ് ഇർഫാനെ ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ സഹിതമാണു പ്രതി വലയിലായത്. കേരളാ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ ഇത്രവേഗം കുടുക്കിയത്. 15 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

