ന്യൂഡൽഹി: സ്ഥിരം കാണുന്ന ഡോക്ടറെ കാണണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച ആവശ്യം നിരസിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീഡിയോ കോൺഫറൻസിലൂടെ സ്ഥിരം കാണുന്ന ഡോക്ടറെ കാണാനാണ് കെജ്രിവാൾ അനുവാദം തേടിയിരുന്നത്. അതേസമയം, ടൈപ്പ് 2 പ്രമേഹ ബാധിതനായ കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നുമായിരുന്നു എഎപിയുടെ ആരോപണം. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇഡി.
കെജ്രിവാളിന്റെ ഭാരം കുറയുകയും പ്രമേഹം വർദ്ധിക്കുകയും ചെയ്യുന്നതിൽ ആശങ്കയുണ്ടെന്നും ആംആദ്മി പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന ആവശ്യം കോടതിയിലെത്തിയപ്പോഴും ഇഡി വിഷയത്തിൽ എതിർപ്പ് അറിയിച്ചിരുന്നു. പ്രമേഹ ബാധിതനായിട്ടും കേജ്രിവാൾ മനപൂർവം മധുരമുള്ള മാമ്പഴങ്ങളും മധുര പലഹാരങ്ങളും കഴിക്കുകയാണെന്നാണ് ഇഡിയുടെ വിശദീകരണം.
ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള കെജ്രിവാളിന്റെ തന്ത്രമാണ് ഇതൊക്കെയെന്നും ഇഡി ആരോപിക്കുന്നു. കെജ്രിവാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ചാർട്ടും ഇഡി കോടതിയിൽ സമർപ്പിച്ചു. പ്രമേഹ രോഗികൾ ഒഴിവാക്കുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നാണ് ഇഡിയുടെ വാദം.