ജനങ്ങളുടെ പൾസ് അറിയാൻ സാധിക്കാത്ത സ്ഥാനാർത്ഥി; ശശി തരൂരിനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസിനും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനുമെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് വി ശിവൻകുട്ടി. ജനങ്ങളുടെ പൾസ് അറിയാൻ സാധിക്കാത്ത സ്ഥാനാർത്ഥിയാണ് ശശി തരൂരെന്ന് അദ്ദേഹം പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമർശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ ജയിച്ചില്ലെങ്കിൽ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം. തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ് ശശി തരൂർ പറയുന്നത്. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്ന അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടോ. തിരുവനന്തപുരത്തുനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചാലും ബിജെപി സ്ഥാനാർത്ഥി ജയിച്ചാലും ഗുണം ബിജെപിയ്ക്കാണ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോൺഗ്രസ് എംപിമാരെ വിശ്വസിക്കാൻ കൊള്ളില്ല. എപ്പോൾ വേണമെങ്കിലും കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടും എന്നതിന് നിരവധി ഉദാഹരണങ്ങളണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രചാരണ രംഗത്ത് പണക്കൊഴുപ്പ് കാണിക്കുന്നതാണ് ജനകീയതയുടെയും വോട്ടിന്റെയും മാനദണ്ഡം എന്നാണ് ശശി തരൂർ മനസ്സിലാക്കിയിരിക്കുന്നത്. കോടികൾ എറിഞ്ഞാലും വർഗീയതയ്ക്ക് അനുകൂലമായി കേരളീയ ജനതയുടെ മനസ്സ് പിടിച്ചെടുക്കൽ അസാധ്യമാണ്. പരാജയഭീതി ശശി തരൂരിനെ വലയ്ക്കുന്നുണ്ട്. സാധാരണക്കാരുടെ നേതാവായി ഉയർന്നുവന്ന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ തന്നെ വിജയിച്ചിട്ടുള്ള സ്ഥാനാർത്ഥിയാണ് പന്ന്യൻ രവീന്ദ്രൻ. പന്ന്യൻ രവീന്ദ്രൻ എംപി ആയിരിക്കെയാണ് തിരുവനന്തപുരം മണ്ഡലത്തിൽ എംപി ഫണ്ട് കാര്യമായി ചെലവഴിക്കപ്പെട്ടത്. നിരവധി പദ്ധതികൾ പന്ന്യൻ രവീന്ദ്രൻ മുൻകൈയെടുത്ത് കൊണ്ടുവന്നു. ഹ്രസ്വകാലം പന്ന്യൻ രവീന്ദ്രൻ എംപി ആയിരുന്നപ്പോഴും ഒന്നര പതിറ്റാണ്ട് ശശി തരൂർ എംപി ആയിരുന്നപ്പോഴും ഉള്ള വ്യത്യാസം ജനങ്ങൾക്ക് അറിയാമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.