ന്യൂഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്‌നാഥ് സിങ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഇപ്രകാരം ചെയ്താൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.
പാക് മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്ഥാന് സ്വന്തം നിലയ്ക്കു കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് മണ്ണിലെ ഭീകരവാദം അവർ നിയന്ത്രിച്ചേ തീരൂ. അവർക്ക് അതിനുള്ള ശേഷിയില്ലെന്നു വന്നാൽ തീർച്ചയായും ഇന്ത്യയുടെ സഹായം തേടാം. ഭീകരവാദം അമർച്ച ചെയ്യുന്നതിന് പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യ തയാറാണെന്‌നും അദ്ദേഹം അറിയിച്ചു.
നമ്മുടെ അയൽക്കാരാണ് പാകിസ്ഥാൻ ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാകിസ്ഥാനാണെന്നും താൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

