ഗരുഡയിൽ നിന്നും അത്യാധുനിക ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ വാങ്ങാൻ ഐഎസ്ആർഒ; കരാറിൽ ഒപ്പുവെച്ചു

ഗരുഡയിൽ നിന്നും അത്യാധുനിക ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ വാങ്ങാൻ ഐഎസ്ആർഒ. ഇതിനായി ഡ്രോൺ നിർമാതാക്കളായ ഗരുഡ എയറോസ്‌പേസിന് ഐഎസ്ആർഒ പർച്ചേസ് ഓർഡർ നൽകി. ഐഎസ്ആർഒയുമായി കരാറിൽ ഏർപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും ഗരുഡ എയ്റോസ്പേസ് വ്യക്തമാക്കി. ആദ്യമായാണ് ഐഎസ്ആർഒയുമായി ഗരുഡ കരാറിലേർപ്പെടുന്നത്.

ഡ്രോണുകൾ വാങ്ങുന്നത് ഐഎസ്ആർഒയുടെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്ററിലേക്കാണ്. ഐഎസ്ആർഒ സ്വന്തമാക്കാനൊരുങ്ങുന്ന ക്വാഡ്‌കോപ്റ്റർ ഡ്രോണുകളിൽ മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും ഗരുഡ എയ്റോസ്‌പേസുമായി ഐഎസ്ആർഒ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കൊറോണ മഹാമാരി കാലത്ത് ഡ്രോണുകൾ ഉപയോഗിച്ച് സാനിറ്റൈസർ തെളിക്കുന്നതിനും മറ്റുമായി ഗരുഡയുടെ സേവനങ്ങളാണ് ഉപയോഗിച്ചിരുന്നു.

ഗരുഡയെ സംബന്ധിച്ചിടത്തോളം ഐഎസ്ആർഒയിൽ നിന്നും ഡ്രോണിന് വേണ്ടി ഓർഡർ ലഭിക്കുക എന്നത് അഭിമാനകരമായ നേട്ടമാണെന്നും ഇത് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നീശ്വർ ജയപ്രകാശ് പറഞ്ഞു. അർപ്പണബോധവും അശ്രാന്ത പരിശ്രമവും വിജയം കണ്ടതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.