സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷ നിറവിൽ വിശ്വാസികൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസത്തെ നോമ്പ് കാലം അവസാനിച്ച് പെരുന്നാളിന്റെ ആഘോഷ നിറവിലാണ് ജനങ്ങൾ. പൊന്നാനിയിൽ കഴിഞ്ഞ ദിവസം ശവ്വാൽ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാർ അറിയിച്ചിരുന്നു. മാസപ്പിറ കണ്ടതിനാൽ ബുധനാഴ്ച്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ചെറിയ പെരുന്നാളായതിനാൽ ഇന്ന് ള്ളികളിൽ വിപുലമായ പ്രാർഥനാ ചടങ്ങുകൾ നടക്കും. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും ബുധനാഴ്ച്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചിരുന്നു. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ ബുധനാഴ്ച്ച ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.

അതേസമയം, ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്നാണ് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചത്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.